മാനന്തവാടി: കബനിവാലി റോട്ടറി ക്ലബ് സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് ഒന്പത് ഡയാലിസിസ് മെഷീൻ നൽകുന്നു.
മൈസൂരു റിഷി എഫ്ഐബിസി , ബ്രസീലിലെ കാസിയാസ് ഡു സുലു റോട്ടറി ക്ലബ്, കോയന്പത്തൂർ ആലം റോട്ടറി ക്ലബ്, കബനിവാലി റോട്ടറി ഗ്ലോബൽ ഗ്രാൻഡ് പ്രോജക്ട് എന്നിവയുടെ സഹായത്തോടെയാണ് മെഷീനുകൾ ലഭ്യമാക്കുന്നത്.
ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനവും മെഷീനുകളുടെ കൈമാറ്റവും നാളെ വൈകുന്നേരം 5.30ന് മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കുമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ഷാജി ഏബ്രഹാം, സെക്രട്ടറി കെ.പി. റിൻസ്, സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, ജോണ്സണ് ജോണ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉഷ വിജയൻ എംഎൽഎ, നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ, റിഷി എഫ്ഐബിസി സിഇഒ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് തുടങ്ങിയവർ പങ്കെടുക്കും. ബിപിഎൽ വിഭാഗത്തിനു സൗജന്യമായും എപിഎൽ വിഭാഗത്തിനു സർക്കാർ ആശുപത്രി നിരക്കിലും ഡയാലിസിസ് സേവനം നൽകാൻ മിഷൻ ആശുപത്രിയുമായി റോട്ടറി ക്ലബ് ഉടന്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്.